കുങ്കുമച്ചെപ്പ് തുറന്ന പോലെയുള്ള ആകാശത്തിലേക്ക് വളരെയേറെ നേരം വിഷമത്തോടെ നോക്കി നില്ക്കുകയാണ് ഉണ്ണി. അയാളുടെ കണ്ണുകളിൽ കണ്ണുനീർ പൊടിയുകയാണോ? തൻറെ വളർന്നിറങ്ങിയ താടിയിലൂടെ അയാളുടെ നീണ്ട വിരൽ അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഷിഞ്ഞ
ജുബ്ബ നനഞ്ഞിരിക്കുന്നുണ്ടായിരുന്നു. കടൽപുറത്തിലെ തിരമാലയുടെ അലയടികളിലാകാം
അത്. അപ്പോഴും വഴുക്കലുള്ള പാറമേൽ അയാളുടെ കാൽവിരലുകൾ
അമർന്ന് തന്നെ നില്ക്കുന്നുണ്ടായിരുന്നു,
എവിടേയ്ക്കും തെന്നി മാറാതെ.
മനസ്സിൽ അപ്പോഴും തൻറെ കടന്നു പോയ മൂന്ന്
ആഴ്ച്ചകൾ അയാൾ ഓർത്തു കൊണ്ടേയിരുന്നു. കഴിഞ്ഞ
മൂന്ന് ആഴ്ച്ച കൊണ്ട് തനിക്ക് എന്താ സംഭവിച്ചതെന്ന്
അയാൾ ആലോചിച്ചു.
അന്നൊരു ശനിയാഴ്ച്ചയായിരുന്നു, പതിവുപോലെ ഓഫീസിൽ നിന്നുമിറങ്ങി ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് ഉണ്ണി ആ കണ്ണുകൾ കണ്ടത്. കണ്മഷിയെഴുതി
കലങ്ങിയ കണ്ണുകളെ മറച്ചു എന്നവണ്ണം മുടിയിഴകൾ. എന്നാൽ അപ്പോഴും
ആ കണ്ണുകളിലെ തിളക്കം കാണാമായിരുന്നു.
ആ കണ്ണുകളെ പിന്തുടരണം എന്നു
മന്ത്രിച്ച മനസ്സിനോടൊപ്പം അയാളുടെ ശരീരവും പിന്തുടർന്നു എവിടെയെന്നിലാതെ.
ആ പെണ്‍കുട്ടി ബസിൽ നിന്നും
ഇറങ്ങിയതിന് പിന്നാലെ ഉണ്ണിയും നടന്നു. ഇരുട്ടിൽ അവൾ തന്നെ പേടിച്ചു ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല, അതിൽ അയാൾക്ക് ഒരു പന്തികേടും തോന്നിയില്ല. ഉണ്ണിയ്ക്ക് അപ്പോഴും ഒരേ ഒരു ലക്ഷ്യം മാത്രം
‘അവളെ കണ്ടു പിടിക്കണം’.
അവളുടെ പിന്നാലെ ഒരു ഇടവഴിയിലേക്ക്
കടന്നപ്പോൾ, തന്നെ ഇരുട്ടു ആവരണം ചെയ്യുന്നതുപോലെ അയാൾക്ക് അനുഭവപ്പെട്ടു. തൻറെ മുഖത്തേയ്ക്കു വീശിയടിച്ച തണുത്ത കാറ്റിൽ
അയാളുടെ കണ്മുനയിൽ നിന്ന് അവൾ പെട്ടെന്ന് അപ്രത്യക്ഷമായി.
അയാളുടെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു.
“മോനെ ഉണ്ണി ” അമ്മ ഉണ്ണിയെ വിളിച്ചു കൊണ്ടേയിരുന്നു.
ഞെട്ടിയുണർന്ന ഉണ്ണിക്ക് തനിക്ക്
എന്താ സംഭവിച്ചതെന്ന് മനസ്സിലായില്ല.
അയാളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നുപൊയ്ക്കൊണ്ടിരുന്നു.
“എന്താ എനിക്ക് സംഭവിച്ചേ? ഞാൻ എപ്പോൾ
എങ്ങനെ എൻറെ
വീട്ടിൽ എത്തി?
ഒന്നും ഓർക്കുന്നില്ല”. ഇന്നലെ
തനിക്ക് സംഭവിച്ചത് എന്തെന്നറിയാൻ അയാൾ അമ്മയുടെ അടുത്തേക്ക് പോയി. അടുക്കളയിൽ വന്നു സ്ഥാനം പിടിച്ച അയാളോട് അമ്മ
സാധാരണ പോലെ തന്നെ സംസാരിച്ചു. അമ്മയിൽ നിന്നും എന്തെങ്ങിലും
കിട്ടുമെന്ന പ്രതീക്ഷയോടെ ഉണ്ണി ചോദിച്ചു “അമ്മേ
ഇന്നലെ ഞാൻ… ”
എന്നാൽ അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു
“ എന്താ മോനെ ഇന്നലെ
എന്താ ?”
“ഹേയ്, ഒന്നും
ഇല്ല അമ്മേ..”
ശ്ശൊ ഒന്നും കിട്ടുന്നില്ലല്ലോ എന്ന് ആത്മഗദം
പറഞ്ഞുക്കൊണ്ട് ഉണ്ണി
തൻറെ മുറിയിലേക്ക്
മടങ്ങി.
ഇന്നലെ താനിട്ട ഷർട്ട് അപ്പോഴും
അവിടെ കിടപ്പുണ്ടായിരുന്നു. അതിലേയ്ക്ക് പെട്ടെന്ന് നോക്കിയപ്പോളാണ് അത് കണ്ടത്.
ആ ഷർട്ടിൽ ഒരു നീണ്ട മുടിയിഴ. ഞെട്ടിപോയ അയാളുടെ മനസ്സിൽ ഒരു ചിന്ത മാത്രം അവശേഷിച്ചു
"അവൾ ഒരു സ്വപ്നം അല്ല യാഥാർത്ഥ്യം ആണ്!"
സന്തോഷവാനായ ഉണ്ണി ഇന്നും അതേ ബസ്‌സ്റ്റോപ്പിൽ
അതേ സമയം ആ അജ്ഞാത സുന്ദരിയെ കാണാമെന്ന പ്രതീക്ഷയോടുകൂടി വീട്ടിൽ നിന്നും ഇറങ്ങി.
അവളെ കാണാമെന്ന പ്രതീക്ഷയുമായി അവിടെ
പോയി നിന്ന അയാൾ പക്ഷെ അവളെ കാണാനാവാതെ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ അയാൾ തൻറെ അമ്മയോട് ഒരു വാക്കുപോലും
ഉരിയാടാതെ അവളുടെ ഓർമയിൽ അലിഞ്ഞു. പെട്ടെന്ന്
വീശിയടിച്ച തണുത്തക്കാറ്റിൽ അയാൾ ഓർമ്മയിൽ നിന്നും ഉണർന്നു. അവളെ കാണുമെന്ന പ്രതീക്ഷയിൽ
അയാൾ തൻറെ ജനാലയിലൂടെ പുറത്തേക് നോക്കി. ഒരു
വെള്ള സാരിയുടുത്തെങ്കിലും അവളെ കാണുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു, പക്ഷെ അത്
ഒരു വിഫലമായ ആഗ്രഹം മാത്രമായി അവശേഷിച്ചു.
ഉറക്കത്തിലേക്ക് വഴുതി വീണ അയാളെ ഒരു നിമിഷം ആരോ തട്ടിയുണർത്തിയ
പോലെ തോന്നി . ഞെട്ടിഴെയുന്നേറ്റ അയാൾക്ക്,
ഇരുട്ടിൻറെ മറയ്യത്തു തൻറെ മുറിയുടെ കോണിൽ
ആരോ നില്ക്കുന്ന പോലെ തോന്നി. എഴുന്നേറ്റു ലൈറ്റ് ഇട്ടാലോ അതോ
വേണ്ടയോ എന്നിങ്ങനെ മനസ്സിൽ നിറയെ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞ
അയാൾ യാന്ത്രികമായി ആ രൂപത്തിനടുത്തേക്ക് നടന്നു. തൻറെ വലതു കൈ അയാൾ ആ രൂപത്തിനു നേരെ നീട്ടി പെട്ടെന്ന് ആ രൂപം താഴേക്ക് ഊർന്നു ഇറങ്ങി വീണു. പേടിച്ച ഉണ്ണി ഉടനെ കൈ വലിച്ചു. നോക്കുമ്പോൾ അത് തൻറെ പാൻറ്സ് ആയിരുന്നു. “ഒരു നിമിഷം ജീവൻ പോയല്ലോ ഭഗവാനെ” എന്ന് പറഞ്ഞിട്ട്
അയാൾ പോയി
കൂജയിലെ വെള്ളം ശ്വാസം വിടാതെ കുടിച്ചു. അപ്പോഴും ഉണ്ണിക്ക് തോന്നിയിരുന്നു അവൾ തന്റെ റൂമിൽ വന്നിരുന്നുവെന്ന്.
പതിവ് പോലെ രാവിലെ എഴുന്നേറ്റ ഉണ്ണി കണ്ടത് തൻറെ മേശമേൽ ഇരിക്കുന്ന
പനിനീർ പൂവിനെയാണ്. “ഇതു ആര്
ഇവിടെ കൊണ്ട് വെച്ചു? അമ്മയാണോ? അതോ അവളാണോ?” ആ പനിനീർ പൂവിൻറെ സൗരഭ്യം ആസ്വദിച്ച അയാൾ അതിനെ തൻറെ ഡിക്ഷനറിയുടെ മദ്ധ്യ ഭാഗത്തേക്ക് വെച്ചു.
ജനാല വഴി പുറത്തേക്കെല്ലാം ഉണ്ണി കണ്ണ് ഓടിച്ചു, അവൾ അവിടെയെങ്ങാനും മറഞ്ഞു നില്ക്കുന്നുണ്ടോ എന്ന്
അറിയുവാൻ. പക്ഷെ ആരെയും അവിടെ കണ്ടില്ല. പിന്നെ ഓടി പുറത്തേയ്ക്ക് ഇറങ്ങി ജനാലയുടെ അടുത്തെല്ലാം
പോയി നിന്നു, അവിടെ ഏതെങ്കിലും കാൽപാദം പതിഞ്ഞ പാട് ഉണ്ടോ എന്ന് നോക്കുവാൻ , എന്നാൽ ഉണ്ണിക്കു അവിടെ നിന്നും ഒരു പാദസ്വരത്തിന്റെ
മണി കിട്ടി. അതൊരു
അമൂല്യ നിധി എന്നോന്നം കാത്തു സൂക്ഷിക്കുവാനായി അയാൾ ഒരു കണ്ണാടി കുപ്പിയിൽ ഇട്ടു വെച്ചു .
അന്ന് ഏറെ സന്തോഷവാനായി പ്രാതൽ കഴിക്കുവാൻ തീൻ മേശയിൽ ഉണ്ണി വന്നു ഇരുന്നു.
ഉണ്ണിയെ കണ്ട പാടെ അമ്മ പറഞ്ഞു
” നമുക്ക് ഇന്നലെ കൊണ്ട് വന്ന ആലോചന ഒന്നു
പോയി തിരക്കിയാലോ ? കാണാൻ നല്ല കുട്ടിയാ
കേട്ടോ. ഈ ആഴ്ച നമുക്ക് പോയി ഒന്ന് കണ്ടാലോ ?” സന്തോഷവാനായി ഇരുന്ന ഉണ്ണിയുടെ മുഖത്ത് ഒരു വിഷമം തെളിഞ്ഞു പെട്ടെന്ന്
തന്നെ അവിടെ നിന്നും അയാൾ എണീറ്റ് പോയി.
അമ്മ ഉണ്ണിയെ വിടാതെ പിന്തുടർന്നുകൊണ്ട്
ചോദിച്ചു “ സത്യം പറ നിനക്ക് ആരോടെങ്ങിലും ഇഷ്ടം ഉണ്ടോ ? എങ്കിൽ നമുക്ക് അത് നോക്കാം എനിക്ക് എന്റെ മോന്റെ സന്തോഷമാ വലുത്
” .
ഉണ്ണി അമ്മയോട് എല്ലാം തുറന്നു പറഞ്ഞു.
എല്ലാം കേട്ട ശേഷം അമ്മ പറഞ്ഞു “ ആ കുട്ടി ആരെന്നോ അറിയില്ല ,എവിടെ
ആണെന്നും അറിയില്ല പിന്നെ എങ്ങനെ കണ്ടു പിടിക്കും ? നീ പോയി അതൊന്നു കണ്ടു പിടിക്ക് എന്നാൽ നമുക്ക് ആലോചിക്കാമായിരുന്നു” .
ഉണ്ണി പറഞ്ഞു “ഇന്ന് ഞാൻ കണ്ടു പിടിക്കും ,നോക്കിക്കോ ആ മുഖം എനിക്ക് നല്ല ഓർമ ഉണ്ട് “.
സാധാരണ ഇറങ്ങുന്നതിലും നേരത്തെ തന്നെ
അന്ന് ഓഫീസിൽ നിന്നും ഉണ്ണി ഇറങ്ങി. എന്നിട്ട് ആ പെണ്‍കുട്ടിയെ കണ്ടു മറഞ്ഞ സ്ഥലത്തേക്ക് പോയി അവിടെയെല്ലാം കുറെ നടന്നു അന്വേഷിച്ചു, ആരെയും കണ്ടില്ല . അവസാനം അവിടെ കണ്ട ഒരു കടയിൽ പോയി ചോദിച്ചു നല്ല നീളം മുടി ,നീളം മൂക്ക്
ഉള്ള കുട്ടി എന്നൊക്കെ പറഞ്ഞു അന്വേഷിച്ചു. എന്നാൽ ആർക്കും അറിയില്ല എന്നായിരുന്നു മറുപടി . അവസാനം ഒരാൾ പറഞ്ഞു
, അങ്ങനെ ഒരു കുട്ടി ഉണ്ട് ,
പക്ഷെ ഇപ്പോൾ ജീവിച്ചു ഇരുപ്പില്ല,
ഒരു 3 ആഴ്ച മുൻപ് ഒരു ബസ്സ് അപകടത്തിൽ മരിച്ചു പോയി . ആ കുട്ടിയുടെ വീടും അയാൾ തന്നെ ഉണ്ണിയ്ക്ക് കാണിച്ചു കൊടുത്തു . അവിടേക്ക്
നെഞ്ഞിടിപ്പോടെ ഓടി കിതച്ചു എത്തിയ
ഉണ്ണി കണ്ടത്,ചുമരിൽ മാല ഇട്ടു വെച്ചിട്ടുള്ള ആ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് . അവിടെ നിന്നും അയാൾ ഒരു ഭ്രാന്തനെ പോലെ ഇറങ്ങി ഓടി .
അങ്ങനെ
അർദ്ധ രാത്രിയായപ്പോൾ
വീട്ടിൽ എത്തിയ ഉണ്ണിയെ കാത്തു നിറകണ്ണുകളോടെ അമ്മ വഴി വിളക്കുമായി
ഇടനാഴിയിൽ നില്പ്പുണ്ടായിരുന്നു. ക്ഷീണിച്ചു അവശനായി വിയർത്തു മുഷിഞ്ഞു വീട്ടിൽ എത്തിയ
ഉണ്ണിയെ കണ്ടു അമ്മ ഭയപ്പാടോടെ
ചോദിച്ചു “എന്താ മോനേ പറ്റിയെ. നീ എന്താ ഇത്രേം താമസിച്ചേ ? നീ എന്തെങ്ങിലും ഒന്ന് പറയൂ “
അവസാനം ഉണ്ണി നടന്നതെല്ലാം അമ്മയോട് പറഞ്ഞു.
എന്നിട്ട് ഉണ്ണി വീണ്ടും തുടർന്നു
“ എനിക്ക് അന്ന് കിട്ടിയ മുടി , പാദസ്വരത്തിന്റെ മണി, പിന്നെ ആ പനിനീർ
പൂവ് അതെല്ലാം
അപ്പോൾ…”
പിന്നെ
ഒന്നും നോക്കിയില്ല ഓടി തൻറെ മുറിയിലേയ്ക്
പോയി . ആദ്യം ഡിക്ഷനറി തുറന്നു
നോക്കി , താൻ വെച്ച ആ പനിനീർ
പൂവ് അവിടെ ഉണ്ടോ എന്ന് അറിയുവാൻ, എന്നാൽ ആ പൂവ് അതിൽ ഉണ്ടായിരുന്നില്ല.
പിന്നെ നേരെ മേശ മേലെ ഉള്ള കണ്ണാടി കുപ്പിയിലേക്ക്
നോക്കി “ ഹയ്യോ ആ മണി എവിടെ പോയി? ഇന്നു രാവിലെ കൂടി ഞാൻ കണ്ടതാണല്ലോ!
”
അവിടെ നിലത്തിരുന്നു
ഉണ്ണി കരഞ്ഞു. അമ്മ ഉണ്ണിയുടെ അടുത്ത് എത്തി മെല്ലെ ഉണ്ണിയെ തൻറെ അടുത്തേയ്ക് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും ഉണ്ണിയ്ക്ക് ആ മുഖം മറക്കുവാനോ അതൊന്നും സത്യം അല്ല എന്നു വിശ്വസിക്കുവാണോ കഴിഞ്ഞിരുന്നില്ല.
ഇപ്പോഴും കടൽ തീരത്ത് പോയി
തൻറെ താടിയിൽ വിരൽ ഓടിച്ചു
കൊണ്ട് അയാൾ അതൊക്കെ ഓർമിക്കാറുണ്ട്.
പക്ഷെ ഇപ്പോൾ
അയാളുടെ താടിയിൽ നിറയെ വെള്ള മുടികൾ ആണെന്ന് മാത്രം…..
സബിത
15 - ഓഗസ്റ്റ് - 2014